Deuteronomy 20

1നീ ശത്രുക്കളോട് യുദ്ധം ചെയ്യുവാൻ പുറപ്പെടുമ്പോൾ കുതിരകളെയും രഥങ്ങളെയും നിന്നിലും അധികം ജനത്തെയും കാണുമ്പോൾ പേടിക്കരുത്; ഈജിപ്റ്റ്ദേശത്തുനിന്ന് നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഉണ്ട്.

2നിങ്ങൾ യുദ്ധം ചെയ്യാൻ തുടങ്ങുമ്പോൾ പുരോഹിതൻ വന്ന് ജനത്തോട് ഇപ്രകാരം സംസാരിക്കേണം: 3“യിസ്രായേലേ, കേൾക്ക; നിങ്ങൾ ഇന്ന് ശത്രുക്കളോട് യുദ്ധത്തിനായി ഒരുങ്ങുന്നു; അധൈര്യപ്പെടരുത്, പേടിക്കരുത്, നടുങ്ങിപ്പോകരുത്; അവരെ കണ്ട് ഭ്രമിക്കയുമരുത്. 4നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കുവേണ്ടി ശത്രുക്കളോട് യുദ്ധം ചെയ്ത് നിങ്ങളെ രക്ഷിപ്പാൻ നിങ്ങളോടുകൂടെ പോരുന്നു.”

5പിന്നെ പ്രമാണികൾ ജനത്തോട് പറയേണ്ടത് എന്തെന്നാൽ: “ആരെങ്കിലും ഒരു പുതിയ വീട് പണിയിച്ച് ഗൃഹപ്രവേശം കഴിക്കാതെ ഇരിക്കുന്നുവെങ്കിൽ, അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ ഗൃഹപ്രവേശം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.

6ആരെങ്കിലും ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം അനുഭവിക്കാതെ ഇരിക്കുന്നുവെങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അതിന്റെ ഫലം അനുഭവിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. 7ആരെങ്കിലും ഒരു സ്ത്രീയെ വിവാഹത്തിന് നിശ്ചയിച്ചശേഷം അവളെ വിവാഹം കഴിക്കാതിരിക്കുന്നു എങ്കിൽ അവൻ പടയിൽ മരിച്ചുപോകയും മറ്റൊരുവൻ അവളെ വിവാഹം കഴിക്കയും ചെയ്യാതിരിക്കേണ്ടതിന് അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ.”

8പ്രമാണികൾ പിന്നെയും ജനത്തോടു പറയേണ്ടത്: “ആർക്കെങ്കിലും ഭയവും അധൈര്യവും ഉണ്ടെങ്കിൽ അവൻ വീട്ടിലേക്ക് മടങ്ങിപ്പോകട്ടെ. അവൻ തന്നെപ്പോലെ തന്റെ സഹോദരന്റെ ഹൃദയത്തേയും അധൈര്യപ്പെടുത്താതിരിക്കട്ടെ” 9ഇങ്ങനെ പ്രമാണികൾ ജനത്തോട് പറഞ്ഞു തീർന്നശേഷം അവർ സൈന്യാധിപന്മാരെ സേനാമുഖത്ത് നിയോഗിക്കേണം.

10നീ ഒരു പട്ടണത്തോട് യുദ്ധം ചെയ്യുവാൻ അടുത്തുചെല്ലുമ്പോൾ ‘സമാധാനം’ എന്ന് വിളിച്ചുപറയേണം. 11‘സമാധാനം’ എന്ന് മറുപടി പറഞ്ഞ് പട്ടണവാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്ക് ഊഴിയവേലക്കാരായി സേവ ചെയ്യേണം.

12എന്നാൽ ആ പട്ടണം നിന്നോട് സമാധാനമാകാതെ യുദ്ധം ചെയ്യുന്നു എങ്കിൽ അതിനെ ഉപരോധിക്കേണം. 13നിന്റെ ദൈവമായ യഹോവ അത് നിന്റെ കയ്യിൽ ഏല്പിച്ചശേഷം അതിലുള്ള പുരുഷപ്രജയെ ഒക്കെയും വാളിന്റെ വായ്ത്തലയാൽ കൊല്ലേണം.

14എന്നാൽ സ്ത്രീകളെയും കുട്ടികളെയും നാൽക്കാലികളെയും പട്ടണത്തിലുള്ള സകലവും അതിലെ കൊള്ളയും നിനക്കായി എടുക്കാം; നിന്റെ ദൈവമായ യഹോവ നിനക്ക് തന്ന നിന്റെ ശത്രുക്കളുടെ കൊള്ള നിനക്ക് അനുഭവിക്കാം. 15ഈ ജനതകളുടെ പട്ടണങ്ങളല്ലാതെ വളരെ ദൂരയുള്ള എല്ലാപട്ടണങ്ങളോടും ഇങ്ങനെ ചെയ്യേണം.

16നിന്റെ ദൈവമായ യഹോവ നിനക്ക് അവകാശമായി തരുന്ന ജനതകളുടെ പട്ടണങ്ങളിൽ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വക്കാതെ 17ഹിത്യർ, അമോര്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോട് കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം. 18അവർ തങ്ങളുടെ ദേവപൂജയിൽ ചെയ്തുപോരുന്ന സകലമ്ലേച്ഛതളും ചെയ്യുവാൻ നിങ്ങളെ പഠിപ്പിച്ചിട്ട് നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോട് പാപം ചെയ്യാതിരിക്കേണ്ടതിന് തന്നേ.

19യുദ്ധത്തിൽ ഒരു പട്ടണം പിടിപ്പാൻ അത് വളരെക്കാലം ഉപരോധിക്കേണ്ടിവന്നാൽ അതിലുള്ള വൃക്ഷങ്ങൾ കോടാലികൊണ്ട് വെട്ടി നശിപ്പിക്കരുത്; അവയുടെ ഫലം നിനക്കു തിന്നാവുന്നതെങ്കിൽ അവ വെട്ടിക്കളയരുത്; നീ ദേശത്തെ വൃക്ഷങ്ങളെ നിരോധിപ്പാൻ അവ മനുഷ്യരാകുന്നുവോ? തിന്മാനുള്ള ഫലവൃക്ഷമല്ലാത്ത വൃക്ഷങ്ങൾ മാത്രം വെട്ടി, നിന്നോട് യുദ്ധം ചെയ്യുന്ന പട്ടണം കീഴടങ്ങുംവരെ അതിന്റെ നേരെ കൊത്തളം പണിയാൻ ഉപയോഗിക്കാം.

20

Copyright information for MalULB